Leave a comment

വിദ്യാര്‍ത്ഥി മാസിക: പ്രചാരണ മാധ്യമത്തിന്റെ വിദ്യാര്‍ത്ഥി പക്ഷം

എസ്.കെ. വിജിലാലന്‍, മാനേജിംഗ് എഡിറ്റര്‍

എസ്.കെ. വിജിലാലന്‍

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടായ്മ എന്ന നിലയിലാണ് വിദ്യാര്‍ത്ഥി മാസികയെ ഞങ്ങള്‍ നോക്കിക്കാണുന്നത്. അതായത് ഒരു പ്ലാറ്റ് ഫോം എന്ന നിലയ്ക്ക്. സര്‍ഗാത്മക യുവത്വം എന്നത് നമ്മളെ ക്കാലത്തും മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഒരു ജനതയുടെ, സമൂഹത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ അവരുടെ പങ്ക് നിസ്തുലമാണ്. തീര്‍ച്ചയായും കേരള സമൂഹത്തില്‍ യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ഇടപെടലുകള്‍ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. ഇതില്‍ തന്നെ ക്യാമ്പസ്സുകള്‍ എക്കാലത്തും സര്‍ഗാത്മക ഇടപെടലുകളുടെ വേദികളായിരുന്നു. കവിതയും പാട്ടും നാടകവും നോവലും കഥയുമെല്ലാം നിറഞ്ഞ ആസ്വാദനത്തിന്റെയും ഇടപെടലിന്റെയും ഒരു തലം ക്യാമ്പസ്സുകള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ മാസികകളുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു ജനതയെ, സമൂഹത്തെ, മനുഷ്യ മനസ്സുകളെ സംവേദിപ്പിക്കുന്നതില്‍, മാസികകള്‍ക്ക് പ്രാധാന്യമുണ്ട് എന്നുതന്നെയാണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്. പൊതു ഇടങ്ങള്‍ രൂപപ്പെടുത്തുന്നതിലും പൊതുവായതും അല്ലാത്തതുമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും വിദ്യാര്‍ത്ഥിമാസികയിക്ക് ചെറുതല്ലാത്ത ഒരു പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു സംഘാടകന്റെ തലത്തില്‍ നിന്നാണ് മാസിക പ്രവര്‍ത്തിക്കുന്നത്/പ്രവര്‍ത്തിക്കേണ്ടത്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരമൊരു വലിയ ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി മാസിക എന്നും കൂട്ടായ്മകളുടെ പക്ഷത്തായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യു. കുറച്ചുകൂടി പറഞ്ഞാല്‍ ഇത്തരം വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി മാസിക നിലകൊള്ളുന്നത്. ഇത്തരം കൂട്ടായ്മകള്‍ സൃഷ്ടിക്കുകയാണ് അതിന്റെ പ്രധാന ലക്ഷ്യവും.

അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നേക്കാം. എതു പക്ഷത്തു നിന്നു കൊണ്ടാണ്, ഏതു നിലപാടില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥി സംസാരിക്കുന്നത്? പക്ഷം, അതൊരു പ്രശ്‌നം തന്നെയാണ്. നമുക്കറിയാവുന്ന പക്ഷം ഒന്നുകില്‍ പിണറായി പക്ഷം അല്ലെങ്കില്‍ അച്യുതാനന്ദന്‍ പക്ഷം എന്നിവയാണ്. ഇതില്‍ എവിടെയാണ് ഞങ്ങളെ അടയാളപ്പെടുത്തുന്നതെന്ന് ചോദിച്ച ചില വിരുതന്‍മാരുണ്ട്. മുമ്പ് തൃശ്ശൂരില്‍ കേരളവര്‍മ്മ കോളേജില്‍ പക്ഷം എന്ന പേരില്‍ തന്നെ ഒരു കോളേജ് മാഗസിന്‍ ഇറങ്ങിയിരുന്നു. ഞങ്ങള്‍ക്കും പക്ഷം ഉണ്ട്. ആ പക്ഷം പറയുന്നതിനു മുമ്പ് അല്‍പ്പം ചരിത്രം പറയേണ്ടതുണ്ട്.

ചരിത്രം

ലോകവും ഇന്ത്യയും വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായ 1988-ലാണ് വിദ്യാര്‍ത്ഥി മാസിക ജന്മം കൊള്ളുന്നത്. ലോകത്താകമാനം പ്രതീക്ഷയുമായി കടന്നു വന്ന സോഷ്യലിസ്റ്റ് ചേരി അതിന്റെ തന്നെ ദൗര്‍ബല്യങ്ങളാല്‍ തകര്‍ന്നു വീഴുന്നതിന്റെ ദാരുണമായ ദൃശ്യമായിരുന്നു അന്ന് ലോകം കണ്ടത്. ഇനി ഞങ്ങള്‍ക്ക് ബദലില്ല (There Is No Alternative-TINA) എന്ന് ലോക മുതലാളിത്തം അലറി ചിരിച്ച കാലം. ഇന്ത്യയിലാകട്ടെ ഈ മാറ്റത്തെ കരഘോഷത്തോടെ സ്വീകരിച്ച വലതുപക്ഷ ഗവണ്‍മെന്റ് പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കും ഇക്കാലത്ത് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി രാജീവ് ഗാന്ധി പുത്തന്‍ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുണ്ടാക്കിയ പ്രതികരണങ്ങള്‍ നിസ്സാരമായിരുന്നില്ല. വിദ്യാഭ്യാസം കച്ചവടം ചെയ്യാനുള്ള ഒരു ചരക്കായി രൂപാന്തരപ്പെടുകയായിരുന്നു. വിദ്യാഭ്യാസം മാത്രമായിരുന്നില്ല സര്‍വ്വവും കച്ചവടത്തിനായി രൂപാന്തരപ്പെട്ടു. ഒരുകാലത്ത് മുതലാളിത്തം മനസ്സില്ലാ മനസ്സോടെ അനുവദിച്ചുതന്നതെല്ലാം അവന്‍ തിരിച്ചെടുക്കാനാരംഭിച്ചു. അങ്ങനെ പഴയ കൊളനി സമ്പ്രദായത്തിനു പകരം ആഗോളവല്‍ക്കരണം എന്ന പുതിയ പ്രവര്‍ത്തന രീതി (Neo Modus Operandi) ആഗോള മുതലാളിത്തം സ്വീകരിച്ചു. ഇന്ത്യയില്‍ അതിന്റെ ചുവടൊപ്പിച്ച് ഒട്ടനവധി ആഗോള കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. ഇന്ത്യയെ ‘വന്ദേമാതരം’ പാടി മാതാവായി പുകഴ്ത്തിയവര്‍ തന്നെ അതിനെ, അതിലെ ജനങ്ങളെ കച്ചവടം ചെയ്തു.

വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ മേഖലയേയും അഭിസംബോധന ചെയ്യുന്ന മാസിക എന്നു പറയുമ്പോള്‍ അതുയര്‍ത്തുന്ന രാഷ്ട്രീയം, ഇടതുപക്ഷ മാസികകള്‍ ധാരാളമുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയൊരു മാസികയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്ന് കണ്ടെത്തണമെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും അവരുടെ മാസികകളുടെയും ജീര്‍ണ്ണത കൂടി പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം കൊടുത്ത അഖിലേന്ത്യാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ പോഷക സംഘടനയായി തീരേണ്ടി വന്നതും ഇന്ന് എവിടെ എത്തിച്ചേര്‍ന്നുവെന്നതും പരിശോധിക്കുമ്പോഴും നമുക്ക് ബോധ്യപ്പെടും. എന്നാല്‍ അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീര്‍ണതയ്ക്കും പരിഷ്‌കരണ വാദത്തിനുമെതിരെ വസന്തത്തിന്റെ ഇടിമുഴക്കമായി കടന്നുവന്ന തീവ്ര ഇടതുപക്ഷപ്രസ്ഥാനത്തിനും മുന്നോട്ട് പോകാന്‍ പറ്റിയില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എ.ഐ.എസ്.എഫിന്റെ പരിഷ്‌കരണവാദത്തിനെതിരെ രൂപം കൊണ്ട എസ്.എഫ്.ഐയും പരിഷ്‌കരണ വാദത്തിനും പാര്‍ട്ടികള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ട് ഇന്ന് സ്വാശ്രയ കോളേജടക്കം അംഗീകരിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നതും ഇതിനു പകരമായി വന്ന തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന വിഘടിക്കപ്പെടുകയും സങ്കുചിതത്വത്തിലേക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ വാലാകുകയെന്ന രാഷ്ടരീയ പാപ്പരത്തത്തിലേക്കും എത്തിച്ചേരുകയാണുണ്ടായത്. 1988ല്‍ കേരള വിദ്യാര്‍ത്ഥി സംഘടനയുടെ മുഖമാസികയായ വിദ്യാര്‍ത്ഥി, റാഡിക്കല്‍ സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍, റെഡ് ഗാര്‍ഡ്‌സ്, കേരള വിദ്യാര്‍ത്ഥി സംഘടന തുടങ്ങി വിവിധ സംഘടനകളിലൂടെയാണ് കടന്നുവരികയും ചെയ്തിട്ടുള്ളത്. ഒരു മാസിക എന്ന നിലയില്‍ സംഘടനയുടെ ആഭ്യന്തര ജീര്‍ണതകളും വ്യതിയാനങ്ങളും മറികടക്കുന്നതിന് ശ്രമങ്ങള്‍ ആരംഭികേകുകയുണ്ടായി. പിന്നീട് സമൂഹത്തിലാകമാനം രൂപപ്പെട്ട് പുതിയ മൂവ്‌മെന്റുകളും ഉണര്‍വുകളും ഇതിന് ആവേശം നല്‍കി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജീര്‍ണതയ്‌ക്കെതിരായി ഉയര്‍ന്നുവന്ന സമരങ്ങളും പൊതുവേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൊത്തം അഭിമുഖീകരിക്കുന്ന ജീര്‍ണ്ണതകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിലേയ്ക്ക് എത്തിച്ചേര്‍ന്നതും നിരവധി വിദ്യാര്‍ത്ഥികലെയും യുവാക്കളെയും ആത്മ പരിശോധനയ്ക്ക് വിധേയമാക്കിയതും ശരിയായ അന്വേഷണങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. ഈ ശ്രമങ്ങളിലാണ് വിദ്യാര്‍ത്ഥി മാസിക പിന്നീട് ഭാഗവാക്കാവുന്നത്. ഇത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരിലേക്കാണ് മാസികയുടെ നേതൃത്വം വന്നു ചേര്‍ന്നത്.

വിദ്യാര്‍ത്ഥിയുടെ പക്ഷം

ഇനി നമുക്ക് നേരത്തെ പറഞ്ഞു നിര്‍ത്തിയ സ്ഥലത്തു നിന്ന് തുടങ്ങാം. വിദ്യാര്‍ത്ഥി ഒരു സ്വതന്ത്രമാസിക എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് വ്യക്തമായൊരു പക്ഷമുണ്ട്. പക്ഷം എന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയൊ രാഷ്ട്രീയ നേതാക്കളുടെയൊ പക്ഷമല്ലെന്നും സ്വതന്ത്രത എന്നത് സര്‍വ്വതന്ത്ര നിഷ്പക്ഷതയല്ല എന്നും തുറന്നു പറയട്ടെ. രാജ്യത്ത് എല്ലായിടത്തുമെന്നപോലെ കേരളത്തിലും ഉയര്‍ന്നുവന്നിട്ടുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ, മര്‍ദ്ദിതജനതയുടെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്, അവരുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് അതിന്റെ രാഷ്ട്രീയ പക്ഷം. വ്യക്തമായ ഇടതു പക്ഷമാണ് ഇത്. ഒരിക്കലും ഞങ്ങള്‍ക്ക് വലതുപക്ഷത്തെ പിന്തുണയ്ക്കാനാവില്ല.

വിദ്യാഭ്യാസമെന്നത്, വിജ്ഞാനമെന്നത് ഒരു സമൂഹം നിര്‍മ്മിക്കുന്നതാണ്. സാമൂഹ്യമല്ലാത്ത വിജ്ഞാനങ്ങള്‍ ഭൂമുഖത്തില്ല. വിജ്ഞാനത്തിന് കൂച്ചുവിലങ്ങിടുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്നുള്ളത്. അതുകൊണ്ടാണ് ഇന്ന് വിദ്യാഭ്യാസത്തെ കച്ചവടം ചെയ്യാനാവുന്നത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരം അങ്ങനെയാണ് ഈ വ്യവസ്ഥിതിക്കെതിരായ പോരാട്ടമായി പരിണമിക്കുന്നത്. അത്തരം പോരാട്ടങ്ങള്‍ ആവേകരമാണ്. അവയ്ക്ക് മാത്രമേ സാമൂഹ്യ വല്‍കൃതമായ ഒരു വിദ്യാഭ്യാസത്തെ കൊണ്ടുവരാനാവൂ. അവയ്ക്കുമാത്രമേ വിദ്യാഭ്യാസത്തിന് ദിശാബോധം നല്‍കാനാവൂ. അത്തരം പോരാട്ടങ്ങള്‍ക്കൊപ്പം എന്നും വിദ്യാര്‍ത്ഥിമാസിക നിലനില്‍ക്കും.

രാജ്യത്ത് എല്ലായിടത്തുമെന്നപോലെ കേരളത്തിലും ഉയര്‍ന്നുവന്നിട്ടുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ, മര്‍ദ്ദിതജനതയുടെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്, അവരുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് അതിന്റെ രാഷ്ട്രീയ പക്ഷം. വ്യക്തമായ ഇടതു പക്ഷമാണ് ഇത്. ഒരിക്കലും ഞങ്ങള്‍ക്ക് വലതുപക്ഷത്തെ പിന്തുണയ്ക്കാനാവില്ല. 

 

ഇന്ന് അമേരിക്കയിലുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍സമരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് സമരം രൂക്ഷം. അതേസമയം തന്നെ വികസിത രാജ്യങ്ങളെന്നു കൊട്ടിഘോഷിക്കുന്ന ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെ തൊഴിലാളികളുള്‍പ്പടെയുള്ളവര്‍ നടത്തിയ സമരങ്ങള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രാജ്യങ്ങല്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ മാത്രമാണെന്ന് ഈ അടുത്ത കാലത്ത് സംഭവിച്ച സാമ്പത്തിക മാന്ദ്യത്തില്‍ തന്നെ തെളിഞ്ഞതാണ്. ഇംഗ്ലണ്ട് തന്നെ ഈ ഊതി വീര്‍പ്പിക്കലിന്റെ പ്രതിഫലനങ്ങള്‍ കലാപത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകള്‍ തികഞ്ഞിട്ടിട്ടില്ല. അറബ് രാഷ്ട്രങ്ങള്‍ വന്‍മാറ്റങ്ങള്‍ക്ക് വേദിയായിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് വന്മരങ്ങള്‍ കടപുഴകിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ജനത പോരാടുകയാണ്. ഈജിപ്തിലും തുര്‍ക്കിയിലും ലിബിയയിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നത് ഇതാണ്. പലസ്തീനിലും നേപ്പാളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്നത് വേറൊന്നല്ല. അതുകൊണ്ട് മര്‍ദ്ദിത ജനത എവിടെയും ഒന്നാണെന്നും അവരുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ഞങ്ങളുടെ കടമയുമാണെന്നും തുറന്നു പറയട്ടെ.

നമ്മുടെ തന്നെ സംസ്‌കാരം, സാംസ്‌കാരിക ബോധം അപനിര്‍മ്മിക്കപ്പെടേണ്ടതാണ്. ജന്മിത്ത ബോധത്തെ തകര്‍ത്തെറിയാന്‍ ഇന്ത്യയിലെ പുത്തന്‍ അധികാരി വര്‍ഗങ്ങള്‍ക്ക് കഴിയാതെ പോയത് ഈ ജന്‍മിത്ത ബോധം തന്നെ അവര്‍ക്ക് എന്നും ആശ്രയിക്കാവുന്ന ആശാകേന്ദ്രമായതുകൊണ്ടാണ്. ജന്മിത്ത ബോധം ഒരു സമൂഹത്തെ മയക്കി കിടത്തുന്ന മയക്കു മരുന്നാണ്. അതിനെതിരെയായിരുന്നു ഇടതുപക്ഷം പോരാടേണ്ടിയിരുന്നത്. സാമൂഹ്യമായി ഉണരാത്ത ജനതയെ, വിദ്യാര്‍ത്ഥികളെ, യൗവ്വനത്തെ യാഥാര്‍ത്ഥ്യങ്ങലിലേക്ക് കൊണ്ടുവരിക സാധ്യമല്ലല്ലോ. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ ഒരു സാമൂഹ്യ ഉണര്‍വ്വ്, ഇന്നും ഇടതുപക്ഷം ആര്‍ജിക്കാന്‍ വൈമുഖ്യം കാണിക്കുന്നുവെന്നതാണ് നമ്മുടെ യാഥാര്‍ത്ഥ്യം. ഇതിനെ മറികടക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നു.

ഇതൊക്കെ വരുംകാല മുന്നേറ്റങ്ങള്‍ ചെയ്യേണ്ട കാര്യം. ഒരു മാസികയ്ക്ക് ഇതിന് ആക്കം കൂട്ടാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ട് ഇത് ഞങ്ങളടെ പക്ഷത്തില്‍ വരുമെന്ന് അടിവരയിട്ട് പറയട്ടെ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: